കോല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തരകലഹം ആളിക്കത്തുന്നതിനിടെ പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് അന്വേഷണം.
മമതയെ പൂര്‍ണമായും ഒഴിവാക്കി പാര്‍ട്ടി നിയന്ത്രണത്തിന് ശ്രമിക്കുന്ന പ്രതിപക്ഷനേതാവ് ഋതബ്രത ബാനര്‍ജിയു ഉറ്റ അനുയായി സൗത്ത് 24 പര്‍ഗനാസില്‍ നിന്നുള്ള എംഎല്‍എയുടെ പരാതിയിലാണ് അന്വേഷണം.
ഇതിനു പിന്നാലെ കോ ല്‍ക്കത്ത സരത് ബോസ് റോഡിലുള്ള ബാങ്കിലെ മൂന്ന് അക്കൗണ്ടുകളിലായുള്ള ഇടപാടുകള്‍ പോലീസ് പരിശോധിച്ചു. അഞ്ച് വര്‍ഷത്തെ ഇടപാട് വിവരങ്ങള്‍ നല്കാന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. പോലീസ് നിര്‍ദേശപ്രകാരം അക്കൗണ്ടുകള്‍ ബാങ്ക് മരവിപ്പിക്കുകയും ചെയ്തു. ഏകദേശം 440 കോടി രൂപയാണ് തൃണമൂലിന്റെ പേരിൽ ബാങ്കിൽ ഉള്ളത്.
അതിനിടെ, കഴിഞ്ഞദിവസം ചേർന്ന പ്രത്യേക യോഗത്തിന്റെ പേരിൽ ഋതബ്രതയ്ക്കൊപ്പം നില്ക്കുന്ന നേതാക്കളെ മമത വിഭാഗം പുറത്താക്കി. മുതിര്‍ന്ന നേതാക്കളായ ജാവേദ് അഹമ്മദ് ഖാന്, ഫിര്‍ഹാദ് ഹക്കിം, അരൂപ് റോയ്, രതിന് ഘോഷ്, ബിപ്ലബ് മിത്ര, സബീന യാസ്മിന്, അരൂപ് ബിശ്വാസ്, സ്നേഹാശിഷ് ചക്രവര്‍ത്തി എന്നിവരെ പുറത്താക്കിയെന്നാണ് മമത പക്ഷം അറിയിച്ചത്. സംഘടനവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി ഈ നേതാക്കള്‍ക്കെതിരേ നേരത്തേ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഋതബ്രതയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച യോഗം ചേര്‍ന്ന് അരുപ് റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണായി പ്രഖ്യാപിച്ചിരുന്നു. മമത ബാനര്‍ജിയെയും അഭിഷേക് ബാനര്‍ജിയെയും ചിത്രങ്ങള്‍ പോലും സമ്മേളനവേദിയില്‍ ഉപയോഗിച്ചിരുന്നില്ല. 30 അംഗ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തിരുന്നു. മമത ബാനര്‍ജി പാര്‍ട്ടിയുടെ ഉപദേശകയായി തുടരണമെന്ന ആവശ്യം ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.